പത്തനംതിട്ട: വെര്‍ച്വല്‍ അറസ്റ്റിലാണെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി മല്ലപ്പള്ളിയില്‍ പ്രവാസി ദമ്പതികളുടെ 1.405 കോടി രൂപ കവര്‍ന്നു. മല്ലപ്പള്ളി കിഴക്കേല്‍ വീട്ടില്‍ ഷേര്‍ലി ഡേവിഡ് (63), ഭര്‍ത്താവ് ഡേവിഡ് പി. മാത്യു എന്നിവരാണ് തട്ടിപ്പിനിരയായത്. അബുദാബിയിൽ താമസക്കാരായ ദന്പതികൾ കഴിഞ്ഞ എട്ടിനാണ് നാട്ടിലെത്തിയത്.
മുംബൈ ക്രൈംബ്രാഞ്ചില്നിന്നാണെന്നു പരിചയപ്പെടുത്തി കഴിഞ്ഞ 18ന് ഷേര്‍ലി ഡേവിഡിനെ അജ്ഞാതഫോണില് നിന്നും വിളിച്ചിരുന്നു. വിളിച്ചയാള്‍ ഒരു ഫോണ്‍ നമ്പര്‍ പറയുകയും ആ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് കുട്ടികളുടെയും മറ്റു ഫോട്ടോ അയച്ചുകൊടുത്ത് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും നമ്പര്‍ നിങ്ങളുടെ പേരിലുള്ളതാണെന്നും അറിയിക്കുകയായിരുന്നു. ഈ ഫോണ്‍ നമ്പരിന്റെ ഉടമയായ ഷേര്‍ളിക്കെതിരേ ആളുകള്‍ കേസ് നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ ചെമ്പൂര് പോലീസ് സ്റ്റേഷനില്‍നിന്നും ജാമ്യം എടുക്കണമെന്നും നിര്‍ദേശിച്ചു. ഇതിനു തയാറായില്ലെങ്കില്‍ ലോക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് വാറണ്ടയച്ച് അറസ്റ്റ് ചെയ്യിക്കുമെന്നും ഭീഷണിപ്പെടുത്തി.
നിലവിൽ നിങ്ങൾ വെർച്വൽ അറസ്റ്റിലാണെന്നും സൈബര്‍ കേസ് ആയതിനാല്‍ ആരോടും വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ പാടില്ലെന്നും നിര്‍ദേശം നല്കി. ഒരു മിനിറ്റ് കഴിഞ്ഞ് മറ്റൊരു ഫോണ്‍ നമ്പറില്‍നിന്നും വിളിച്ചിട്ട് നിങ്ങളുടെ പേരില്‍ നരേഷ് ഗോയലിന്റെ അക്കൗണ്ടില്‍നിന്നും 20 ലക്ഷം രൂപ വന്നിട്ടുള്ളതായും അറിയിച്ചു. ഈ കേസിലും ഷേര്‍ലി ഡേവിഡ് പ്രതിയാണെന്നും കേസ് സിബിഐക്ക് കൈമാറുകയാണെന്നും പറഞ്ഞു.
ആധാറും അക്കൗണ്ടും ഫ്രീസ് ചെയ്യുകയാണെന്നും റിസര്‍വ് ബാങ്കിന്റെ പരിശോധനയ്ക്കായി എന്നുപറഞ്ഞ് ഒരു അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ട് അതിലേക്ക് പണം അയച്ചുകൊടുക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ദമ്പതികള്‍ അജ്ഞാത ഫോണില്‍ നിര്‍ദേശിച്ച അക്കൗണ്ടിലേക്ക് 90.5 ലക്ഷം രൂപ മല്ലപ്പള്ളി ഫെഡറല്‍ ബാങ്ക് ശാഖയില്‍നിന്നും അയച്ചുകൊടുത്തു. വീണ്ടും കഴിഞ്ഞ 20ന് സൈബര്‍ കുറ്റവാളികള്‍ വാട്സ് ആപ് കോളിലൂടെ ആവശ്യപ്പെട്ട 50 ലക്ഷം രൂപയും ഫെഡറല്‍ ബാങ്ക് മന്ദമരുതി ശാഖയില്‍നിന്നും അക്കൗണ്ടിലേക്ക് കൈമാറി.
21നു വീണ്ടും 38 ലക്ഷം രൂപകൂടി അയയ്ക്കാന്‍ സംഘം ആവശ്യപ്പെടുകയായിരുന്നു. വീണ്ടും പണം അയയ്ക്കാനായി ഫെഡറല്‍ ബാങ്കില്‍ എത്തിയതോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ആര്. ആനന്ദിന്റെ നിര്‍ദേശപ്രകാരം പോലീസ് കത്ത് നല്കി ബാങ്കില്‍നിന്നു പണം കൈമാറ്റം ചെയ്യുന്നതു തടഞ്ഞു. കീഴ്വായ്പൂര് പോലീസ് ഇന്‍സ്പെക്ടര്‍ ആര്.രാജേഷ് കുമാര്‍ കേസെടുത്ത് അന്വേഷണം നടത്തുകയാണ്.